ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഒരു ഉത്രാട സന്ധ്യ


മഴമരങ്ങള്‍ തോരാതെ പൊഴിയുന്ന, 
കാളക്കുട്ടികളെപ്പോലുള്ള മേഘങ്ങള്‍ കെട്ടഴിഞ്ഞോടുന്ന, 
ഇതുപോലൊരു ഓണക്കാലം.  
പാതി മാത്രമുണങ്ങിയ അരിവറ്റലും  അരിഞ്ഞു വച്ച തേങ്ങയും രണ്ടു പായകളിലെങ്കിലും 
ആത്മാവുകള്‍ കൊണ്ട് ഒരുമിച്ചു ചേര്‍ന്നതിന്റെ വികാരതീവ്രമായ മിശ്രഗന്ധം  മുറിയില്‍ നിറഞ്ഞു നിന്നിരുന്നു..
പുസ്തകത്താളില്‍ മുഖം കുനിച്ചുനിന്ന തൃസന്ധ്യ  ദാവണിത്തുമ്പില്‍ 
സംഭ്രമത്തിന്റെ വിരലുകള്‍ കൊണ്ട്  ഏതോ അഴിയാക്കുരുക്ക്‌ തീര്‍ക്കാന്‍ തുടങ്ങി; 
നിഗൂഡമായ ഏതോ മന്ത്രം കൊണ്ട് അതിനെ അതിജീവിക്കുവാന്‍ എന്റെ ദുര്‍ബലമായ ഹൃദയവും. 
ദൈവമേ, ഈ മഴ ഇപ്പോള്‍ തോരുമോ? 
ആ നേരം, കെട്ടഴിഞ്ഞുലഞ്ഞുവീഴാന്‍ തുടങ്ങിയ  രാവിന്റെ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഒരു മുല്ലപ്പൂവ് എന്നെ വന്നുകൊണ്ടു. 
ചാരിവച്ച വാതില്‍ തള്ളിത്തുറന്ന്  മഴനഞ്ഞൊരു കാറ്റ് ഓടിക്കയറാന്‍ തുനിഞ്ഞപ്പോള്‍ 
വേഗം ചെന്ന്  കതകിന്റെ സാക്ഷയിട്ട് ഇടിവെട്ടുന്ന നെഞ്ചോടെ ഞാന്‍ കിതച്ചു. 
'എന്തൊരു മഴ!' യെന്നു ഞാന്‍ പറഞ്ഞതും പുസ്തകഷെല്‍ഫിലിരുന്ന് ആനന്ദവര്‍ദ്ധനന്‍  പൊട്ടിച്ചിരിച്ചു. 
എന്ത് പറയാന്‍! 
ആ ചിരി മിന്നല്‍പ്പിണരായി വന്ന്  മുറിയിലെ വെളിച്ചത്തെ വിഴുങ്ങിക്കളഞ്ഞു. 
പിന്നെ ഇരുള്‍ മാത്രമായി. 
അതിര്‍വരമ്പുകളില്ലാത്ത ആത്മീയമായ ഇരുള്‍.
പുളയുന്ന പ്രാണനെ നെഞ്ചിനോടു ചേര്‍ത്തുപിടിക്കുമ്പോള്‍  ഒരു സത്യം ഞാനാലോചിച്ചു.
ആടയാഭരണങ്ങളും  അലങ്കാരശാസ്ത്രങ്ങളും വ്യര്‍ത്ഥമാകുന്ന ഈ ഇരുളില്‍ നിന്നാകണം
ആദിയില്‍ വചനമുണ്ടായിട്ടുണ്ടാവുക. 
പക്ഷേ, പെട്ടെന്നു പ്രകാശമുണ്ടായി.

കാനല്‍ക്കടലിലെ ‌ തോണിക്കാരന്‍




ചുടുകാറ്റ് അലഞ്ഞുനടക്കുന്ന മരുഭൂമി. 
മണല്‍ക്കാടിനെ പകുത്തു കടന്നുപോകുന്ന കറുത്ത പാത. 
അകലെനിന്നുവന്ന ഒരു ലോറി ഓരത്തേക്ക് ഒതുക്കിനിര്‍ത്തി. ഡ്രൈവര്‍ മാത്രമേ അതിലുള്ളൂ. സ്റ്റിയറിങ്ങില്‍ കൈവച്ച് അല്പനേരം അയാള്‍ എന്തോ ആലോചിച്ചിരുന്നു. വിജനമായ കടലില്‍ ഒറ്റപ്പെട്ട തുഴവള്ളവും അതിലിരിക്കുന്ന ഏകാകിയെയും പോലിരുന്നു അപ്പോള്‍ ആ വാഹനവും അയാളും. വാതില്‍ തുറന്നു പുറത്തേക്കിറങ്ങി, വീശിയടിക്കുന്ന മണല്‍ക്കാറ്റിനെ തടുക്കുവാന്‍ തുണി കൊണ്ട് മുഖം മറച്ച് അയാള്‍ നിന്നു. കത്തുന്ന സൂര്യനും തിളയ്ക്കുന്ന മണലിനുമിടയിലേക്ക് ആ മനുഷ്യന്‍ ആയാസപ്പെട്ടുനോക്കി. 
അയാളെന്തിനാണ് ഈ അജ്ഞാതമായ ബിന്ദുവില്‍ വാഹനം നിര്‍ത്തിയത്? എന്താണ് ഈ ശൂന്യതയില്‍ അയാള്‍ ഉറ്റുനോക്കുന്നത്? ആരാണ് ഇയാള്‍? 
അയാള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. പക്ഷേ, എനിക്കറിയാം.
നോക്കൂ, അയാള്‍ ഏതോ ഒരിടത്തേക്ക് ഉറ്റുനോക്കുകയാണ്. അല്പമകലെ എന്തോ ഒന്ന് അയാളുടെ കണ്ണില്‍ കുടുങ്ങിയിരിക്കുന്നു. 
ഉയര്‍ന്നുപറക്കുന്ന പൊടിപടലങ്ങളെ വകഞ്ഞുമാറ്റി അയാള്‍ മുന്നോട്ടുപോയി. മണലില്‍ പാതിതാഴ്ന്നുകിടക്കുന്ന ഒരു തുണ്ട് കടലാസ് പിടിവിട്ടുകിട്ടുവാനായി കുതറുകയാണ്. അതിനിനിയും എത്രയോ കാതം പറന്നുപോകേണ്ടതുള്ളതുപോലെ. പൂച്ചയുടെ വായില്‍നിന്ന്  കോഴിക്കുഞ്ഞിനെ പുറത്തെടുക്കുംപോലെ അയാള്‍ ആ കടലാസിനെ മോചിപ്പിച്ചു. കടലാസ് ആശ്വാസത്തോടെ വിറച്ചു. പിന്നെ പറന്നുപൊങ്ങുവാനായി പിടച്ചു. അല്പമുയര്‍ത്തി അതിനെ സ്വതന്ത്രമാക്കുവാന്‍ അയാള്‍ തുനിഞ്ഞതാണ്. ആനേരം അതിലെ അക്ഷരങ്ങള്‍ തന്നെ ശ്രദ്ധിക്കുന്നതായി അയാള്‍ക്കുതോന്നി. തന്റെ മാതൃഭാഷയിലാണല്ലോ അതെഴുതിയിരിക്കുന്നതെന്ന്  അത്ഭുതപ്പെട്ടു.
നീണ്ട പ്രവാസജീവിതംമൂലം വൈദേശികമായ ഭാഷകളിലെഴുതിയ വഴികാട്ടികളും പരസ്യബോര്‍ഡുകളും മാത്രം വളരെനാളായി വായിച്ചുവരുന്ന അയാള്‍ക്ക് എത്രയോ കാലത്തിനുശേഷമാണ് സ്വന്തം ഭാഷ ഒന്നുകാണുവാന്‍ അവസരം കിട്ടുന്നത്. ആര്‍ത്തിയോടെ ആ കടലാസ് അയാള്‍ നിവര്‍ത്തിപ്പിടിച്ചു. അതൊരു കത്തായിരുന്നു. ഏതാണ്ട് ഇങ്ങനെ എഴുതിയിരുന്നു:

                ഇന്നല്ലെങ്കില്‍ നാളെ കണ്ടുമുട്ടുമെന്നുകരുതി ഞാന്‍ കാത്തലയുന്ന മാന്യമിത്രമേ, 
കാണുമ്പോള്‍, മണലുമൂടിയ വെറുമൊരു പാഴ് പ്രതിമയെന്നെണ്ണി  
എന്നെ അവഗണിച്ച് നീ കടന്നുപോയ്ക്കളയരുത്.
തിളയ്ക്കുന്ന കാനല്‍ജലം പകുത്തുമാറ്റി നിന്റെ കവചിതവാഹനം
അടുത്തടുത്തെത്തുന്നത് എത്രയോ തവണ ഞാന്‍ കിനാവു കണ്ടിരിക്കുന്നു.
വിറയ്ക്കുന്ന ഇടംകൈ പാതമദ്ധ്യത്തിലേക്കുനീട്ടി,
പിടയ്ക്കുന്ന നെഞ്ച് വലംകൈകൊണ്ട് താങ്ങി, നിന്റെ ശ്രദ്ധയ്ക്കായി അപേക്ഷിച്ച്
ഓരത്ത് ഞാന്‍ നില്ക്കുന്നുണ്ടാവും.
എന്നെ നീ തിരിച്ചറിയുമോയെന്നറിയില്ല.
വെറുമൊരു യാത്രക്കാരനാണു ഞാന്‍.
പക്ഷേ, ലോകത്തിലെ ഏറ്റവും ദീര്‍ഘമായ മരുഭൂമി 
ഒറ്റയ്ക്കു നടന്നുതീര്‍ത്ത വിജയിയായിട്ടാകും ഞാനവിടെ കാത്തുനില്ക്കുക. 
അടുത്ത ഗ്രാമം വരെ താങ്കളുടെ വാഹനത്തില്‍ എനിക്കൊരു ഇരിപ്പിടം തരണം.
ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ കണ്ടുമുട്ടേണ്ടുന്ന ഒരിടം 
ഈ അനന്തമായ മരുഭൂമിയുടെ ഏതോ കോണില്‍
കേവലമൊരു യാദൃശ്ചികതയായി 
പ്രകൃതി അടയാളപ്പെടുത്തിയിട്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്.
അതെവിടെയന്ന് അറിയില്ലെങ്കിലും
അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഞാന്‍.
മുന്നില്‍ വഴിയോ വഴിത്തിരിവുകളോ ഇല്ല.
നോക്കെത്താദൂരം മുഴുവന്‍ മണല്‍ക്കൂമ്പാരങ്ങള്‍ മാത്രം.
ദൂരെത്തെളിയുന്ന മരുപ്പച്ചയുടെ കുളിര്
അടുത്തെത്തുമ്പോള്‍ ആവിയായിപ്പോകുന്ന കനവാണെന്ന്
കഴിഞ്ഞ എത്രയോ അനുഭവങ്ങളിലൂടെനിക്കറിയാം.
എങ്കിലും, ഓരോ മൃഗതൃഷ്ണയിലും ഒരു ജലാശയം മോഹിച്ചുകൊണ്ട്
തൊണ്ട നനയ്ക്കാന്‍ ഒരു തുള്ളി വെള്ളമില്ലാതെ ‍ഞാന്‍ നടക്കുന്നു. 
ഇറ്റിക്കാന്‍ ഒരു തുള്ളി മൂത്രമില്ലാത്ത ഞരക്കങ്ങള്‍.
നാണം മറയ്ക്കാന്‍ വാക്കുകള്‍ പോലുമില്ലാത്ത നിമിഷങ്ങള്‍.
ഒളിക്കാന്‍ ഒരു തുണ്ട് നിഴലില്ലാത്ത പകലുകള്‍.
പുതയ്ക്കാന്‍ ഉറക്കത്തിന്റെ കീറച്ചാക്കില്ലാത്ത രാവുകള്‍.
ഒരിറുക്ക് വെള്ളമില്ലാത്ത ആഴ്ചകള്‍.
മായക്കാഴ്ചകള്‍ പോലും കൂട്ടുവരാത്ത മാസങ്ങള്‍.
എല്ലാറ്റിനുമപ്പുറം എന്നെ പച്ചയ്ക്കുതിന്നുന്ന പുഴുവായി
ആജീവനാന്ത ഇന്‍കമിങ്ങുമായി സോളാര്‍ ബാറ്ററിയില്‍ 
കയ്യിലൊരു മൊബൈല്‍.
ആരെയും വിളിക്കാന്‍ ബാലന്‍സില്ല.
ആരും വിളിക്കില്ല.
വഴിതെറ്റിവരുന്ന കാളുകള്‍ പോലും 
മണലില്‍ വീണ വെള്ളത്തുള്ളിപോലെ മറഞ്ഞുപോകും.
പക്ഷേ, മെസ്സേജുകള്‍ക്ക് ക്ഷാമമില്ല. 
വെള്ളം ചേര്‍ക്കാത്ത അമ്ലം പോലെ 
തൊണ്ട കുഴിച്ചിറങ്ങുന്ന മോട്ടിവേഷനുകള്‍.
“പിന്തിരിയരുത്, നല്ല കാലം കാണും വരെ".
“നാളെ നിങ്ങളുടേതാണ് "
“നിരാശനാകുന്നവന് വിജയമില്ല"
“പരാജയങ്ങളില്‍ തളരരുത്"
പൂച്ചയ്ക്കു മുന്നാലേ പായുന്ന എലിയ്ക്കും
ഇതേ മെസ്സേജുകള്‍  ചെല്ലുന്നുണ്ടാവണം.
അതും വായിച്ച് നടക്കുമ്പോള്‍ സൂക്ഷിക്കണം.
കാലില്‍ കൊണ്ടുകയറാന്‍ പാകത്തിന് അസ്ഥികൂടങ്ങളുണ്ട്,
ഒരിഞ്ചു വ്യത്യാസത്തില്‍ 
വിജയത്തില്‍നിന്നു പിന്മാറിയവരുടെ കൈയൊപ്പുകള്‍. 
അതിജീവനം എനിക്ക് സിംഹത്തിന്റെ മുന്‍കാലുകളല്ല.
പുറത്തുവരാന്‍ പിടയുന്ന പ്യൂപ്പയുടെ കരളാണ്.
ഒരു ചിത്രശലഭമായി, പൂമ്പൊടി പറ്റിയ കാലുകള്‍ വച്ച്
ഒരിക്കല്‍ അതെന്റെ തോളില്‍ വന്നിരിയ്ക്കും.
വെള്ളവും പൂക്കളുമുള്ള ഒരു കര അടുത്തെവിടെയോ ഉണ്ടെന്നറിയിച്ചുകൊണ്ട്.
ചക്രവാളങ്ങളെ ചവുട്ടിത്തള്ളി ഞാനെത്താന്‍പോകുന്ന
ചാറല്‍മഴയുയുടെ കര.
വാഹനങ്ങള്‍ ചീറിപ്പായുന്ന ഒരു പാതയുടെ മുഴക്കം
ഓരോ വിളിപ്പാടകലെയും ഞാന്‍ കാതോര്‍ക്കുന്നു.
ഇന്നല്ലെങ്കില്‍ നാളെ
ഒഴുകുന്ന നദി പോലെ ഒരു പാത ഞാന്‍ കാണുകതന്നെ ചെയ്യും. 
ഇരുവശത്തേക്കും വാഹനങ്ങള്‍ പാഞ്ഞുപോകുന്ന പാത.
അവിടേക്ക്, 
എനിക്കായി പറഞ്ഞുവച്ചതുപോലെ ഒരു വണ്ടി വന്നെത്തും.
അതില്‍ നിങ്ങളുണ്ടാകും.
ആ നിങ്ങളോടു സംസാരിക്കാനുള്ള കൊതിയാണ് ഈ വാക്കുകളില്‍.
എന്റെ വാക്കുകള്‍ക്ക് മുഴക്കം തിരിച്ചുകിട്ടുന്ന 
ആ കാലത്തിലേക്ക് വരികളെ കാത്തുവയ്ക്കുകയാണ് 
ഈ കടലാസുകുടങ്ങളില്‍.

തീരാതെ നീളുന്ന മണല്‍ക്കുന്നുകള്‍.
അകലെ ആകാശം ഒടിഞ്ഞുവീഴുന്ന ചക്രവാളം.
അയാള്‍ അകലേക്കു നോക്കി. അനന്തരം മുന്നോട്ട് നടന്നു. സംശയം തോന്നിയ മണല്‍ക്കൂനകള്‍ കുഴിച്ചു നോക്കി. 
“ചങ്ങാതീ, ഞാനെത്തിയിരിക്കുന്നു. നിങ്ങള്‍ തേടി നടന്ന ആള്‍. വരൂ.”
അങ്ങനെ അലറിവിളിച്ചുകൊണ്ടാണ് അയാള്‍ മുന്നോട്ടുപോകുന്നത്. പോയിപ്പോയി ആ മനുഷ്യന്‍ മണല്‍ക്കാടിലെവിടേക്കോ മറഞ്ഞു.
കുറേ സമയം കടന്നുപോയി.
സൂര്യന്റെ കത്തല്‍ ഏതാണ്ടുതാഴാന്‍ തുടങ്ങി. ആ നേരം ദൂരെ ഒരു വരപോലെ അയാള്‍ വീണ്ടും കാണപ്പെട്ടു. കുറേയടുത്തപ്പോള്‍ അയാളുടെ തോളില്‍ ഒരു പഴന്തുണിക്കെട്ടുപോലെ ഒരാള്‍ കിടക്കുന്നതു കാണാം. 
അതാരെണെന്നു മനസ്സിലായോ? ആളെ അറിയില്ല, അല്ലേ? മുമ്പേ വായിച്ച ആ കത്തെഴുതിയ ഞാന്‍! ഞാനാണത്. 
പക്ഷേ, അയാള്‍? ആകാശത്തോളമുയരുന്ന മണല്‍ക്കാറ്റിന്റെ കുരുക്കുകള്‍ വകഞ്ഞുമാറ്റി എത്ര സാഹസികമായാണ് അയാള്‍ എന്നെത്തേടിവന്നത്. അയാള്‍ ആരാണ്?  
നിങ്ങളുടെ ഓര്‍മ്മയില്‍ക്കൂടി അയാളുണ്ടാവില്ല. അയാളെ നിങ്ങള്‍ക്കറിയില്ല. എന്നെ അറിയാത്ത നിങ്ങള്‍ അയാളെ എങ്ങനെ അറിയാനാണ്? 
എന്നെക്കാള്‍ നന്നായി അയാളെ മറ്റാര്‍ക്കുമറിയില്ല.

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

മലയാളത്തിന്റെ മാംപൂക്കാലം


ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് നമ്മുടെ മാതൃഭാഷ. മനുഷ്യർ സംസാരിക്കുന്നതായി ഏഴായിരത്തിലേറെ ഭാഷകൾ ഭൂമിയിൽ അവശേഷിക്കുമ്പോൾ അതിൽ മുപ്പതുസ്ഥാനത്തിനുള്ളിലാണ് മലയാളം. മൂന്നരക്കോടിയിലേറെ ആളുകൾ സംസാരിക്കുന്ന, പ്രമുഖ ലോകഭാഷകളിലൊന്നായ ഈ ഈടുവെപ്പിനെ ആ അർത്ഥത്തിൽ നാമിനിയും ഉൾക്കൊണ്ടിട്ടില്ല. അതിനു തെളിവാണ് മാതൃഭാഷയുടെ നിലനില്പിനുവേണ്ടി ഈ മണ്ണിൽ ഇപ്പോഴും പ്രക്ഷോഭങ്ങൾ വേണ്ടിവരുന്നത്.
ഭാഷ എന്നാൽ ഭാഷണമെന്ന അത്യാന്താപേക്ഷിതമായ മാനുഷിക വ്യവഹാരത്തിനുള്ള ഉപകരണമാണ്. ഒരു ഭാഷ അതിന്റെ ജനിതകക്കാമ്പുകളിൽ പേറിനടക്കുകയും തലമുറകളിലേക്കു കൈമാറുകയും ചെയ്യുന്ന സഞ്ചിതസംസ്കൃതിയാണ് ആ ഭാഷ സംസാരിക്കുന്ന ജനതയെ ഒരുമയുടെ പാലൂട്ടി വളർത്തുന്നത്. ലോകത്ത് മാനവികമായി രൂപം കൊള്ളുന്ന ഏക ജൈവികസ്വത്വബോധമെന്ന നിലയിൽ മാതൃഭാഷ മാറുന്നത് ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് മാതൃഭാഷയെ അമ്മ എന്നു സംബോധന ചെയ്യുന്നതും. മുലപ്പാലു കുടിച്ചുവളരുന്നവരുടെ വികാരമാണ് അമ്മ. കവിയൂർ പൊന്നമ്മയെ മലയാളസിനിമയുടെ അമ്മ എന്നു വിളിക്കുന്നപോലെ അതൊരു ഭംഗിവാക്കാണെന്നു മാറിനിന്നുനോക്കുമ്പോൾ തോന്നിയേക്കാം. ഭാഷ അതിന്റെ എല്ലാ പ്രാദേശിക സവിശേഷതകളെയും നിലനിർത്തിക്കൊണ്ട് നിലനിന്നേ തീരൂ. മലയാളം പറയാനും വായിക്കാനും എഴുതാനും കഴിയുന്ന തലമുറകളാണ് നൂറ്റാണ്ടുകൾ രൂപപ്പെടുത്തിയ ഈ സംസ്കാരത്തിന്റെ വാഹകർ. അവരെ കൈയും കലാശവും കാട്ടി വിളിച്ചുവരുത്തി വകവരുത്തുവാൻ മുലകളിൽ വിദേശ ഭാഷ അമൃതം എന്നു ബ്രാൻഡിങ് ചെയ്ത വിഷം തേച്ചിറങ്ങിയിരിക്കുകയാണ് പലവിധ മൂലധനശക്തികൾ അഴിച്ചുവിട്ട പൂതനമാർ. അവർ പെരുകുമ്പോൾത്തന്നെ അതിനെതിരെയുള്ള പ്രതിരോധങ്ങളും കരുത്തുനേടുന്നുവെന്നത് ശുഭകരം തന്നെ.
ഭാഷ നേരിടുന്ന മറ്റൊരു വെല്ലുവിളി സാങ്കേതികലോകത്തെ മാറ്റങ്ങളാണ്. വിവരസാങ്കേതികവിദ്യയുടെ ഘടനയ്ക്കനുസരിച്ച് രൂപം മാറിയ കാലം കമ്പ്യൂട്ടറിനൊതുങ്ങിയ ഭാഷകൾക്കുമാത്രമാണ് സ്ഥാനം നല്കുന്നത്. പുതിയകാലത്തിന്റെ അറിവുകളും അതിന്റെ വ്യവഹാരങ്ങളും കൂടുതൽക്കൂടുതൽ ഇന്റർനെറ്റിനുള്ളിലേക്ക് ഒതുക്കിയെടുത്തുവരുന്ന ഈ കാലഘട്ടത്തിൽ അതിലുപയോഗിക്കാതെ വരുന്തോറും ഭാഷയുടെ പ്രമുഖ്യം കുറയുമെന്നതിനു സംശയമില്ല. ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ ബലത്തിൽ ഡോളർ വാരാനൊക്കുന്ന രാജ്യങ്ങൾ തേടിയലയുന്ന മലയാളി ഇന്റർനെറ്റിലെത്തുമ്പോൾ ഏറ്റവുമേറെ മറന്നുപോകുന്നതും മലയാളം തന്നെ. അതുമൂലം മലയാളം ഒരു അത്യാവശ്യഭാഷയായി പല സേവനദാതാക്കൾക്കും തോന്നുന്നതുമില്ല. മലയാളത്തിന്റെ ശോകജനകമായ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് യൂണിക്കോഡിന്റെ ആവിർഭാവവും അതിന്റെ സാധ്യതകൾ പിൻപറ്റിവന്ന വ്യക്തികളുടെയും സംഘങ്ങളുടെയും മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തനങ്ങളുമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വതന്ത്ര സോഫ്റ്റ് വെയറുകൾക്കു ലഭിച്ച പ്രോത്സാഹനവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തനങ്ങളും ഇവിടെ ഓർക്കുന്നു. സാങ്കേതികമായ നല്ലൊരു മുന്നേറ്റം ഇക്കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ അവയിൽ നല്ലൊരു പങ്കും പ്രതിജ്ഞാബദ്ധരായ കുറേ യുവസാങ്കേതികവിദഗ്ദ്ധരുടെ ശ്രമഫലങ്ങളാണ്. അറിവിന്റെ ജനകീയകരണത്തിനവേണ്ടി പ്രവർത്തിക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം എന്നിവപോലുള്ള പ്രസ്ഥാനങ്ങൾ അവരുടെ അനവധി അജണ്ടകൾക്കിടയിൽ ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തു നടത്തിയ ശ്ലാഘനീയമായ ചില ഇടപെടലുകളും ഓർക്കാവുന്നതാണ്. എന്നാൽ ഭാഷാപണ്ഡിതരോ ഭാഷാസ്നേഹികളായ പൊതുജനങ്ങളോ ഈ രംഗത്തു നടത്തിയിട്ടുള്ള ഇടപെടലുകൾ നാമമാത്രമാണ്. ഭാഷയെയും അതിന്റെ ജൈവികസമ്പത്തിനെയും നിരന്തരം നവീകരിച്ചുകൊണ്ട് വരുംകാലത്തിന്റെ മുഴുവൻ ആവശ്യങ്ങൾക്കും മറുപടിയാകുന്ന തരത്തിൽ ഭാഷയെ സജ്ജമാക്കുവാൻ കഴിയുന്ന ഒരു മുന്നേറ്റം കാലം ആവശ്യപ്പെടുന്നു.
തൊഴിലാളികളില്ലാത്ത ഫാക്ടറികൾ പോലെ മൂലധനശക്തികളുടെ മറ്റൊരു സ്വപ്നമാണ് അച്ചടിക്കാത്ത അറിവുകൾ. സാമൂഹികഘടനയിലെ ഫ്യൂഡൽ ആധിപത്യങ്ങളെ എത്രമാത്രം തൊഴിലാളിശക്തിക്കു തൂത്തെറിയാൻ കഴിഞ്ഞോ അത്രമാത്രമാണ് അച്ചടിവിദ്യയ്ക്ക് അറിവിന്റെ ജനകീയവ്യാപനത്തിന്റെ ആയുധമാകാൻ കഴിഞ്ഞത്. തൊഴിലാളി ഇല്ലാതാകുന്ന വ്യവസായങ്ങൾ മാനവികതയുടെ സാന്നിദ്ധ്യമില്ലാത്ത തൊഴിലിടങ്ങളാകുന്നതു പോലെ അറിവുകൾ ഇന്റർനെറ്റിലേക്കു ചുരുക്കപ്പെടുന്ന ഡിജിറ്റൽ ഡിവൈഡിന്റെ ലോകം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സമവാക്യത്തെ പുതിയ രീതിയിൽ എഴുതിപ്പിടിപ്പിക്കുകയാണ്. അറിവ് ഇന്റർനെറ്റ് പ്രാപ്തമായവരിലേക്കു മാത്രമായി ചുരുക്കപ്പെടുന്നു. അറിവ് ആദ്യം ലഭിക്കുകയും അതിനെ ആദ്യം വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് പൊതുസമ്മതികൾ രൂപപ്പെടുത്തുകയും സമൂത്തെ നയിക്കുകയും ചെയ്യുക. നവോത്ഥാനാനന്തരകാലത്ത് പത്രമാസികകളുടെ വ്യാപനത്തിലൂടെ ഗ്രാമാന്തരങ്ങളിലെ ചായക്കടകളിലും ആലിൻചുവടുകളിലുമിരുന്ന് വാർത്തകളറിയുകയും ചർച്ച ചെയ്യുകയും ലോകത്തെ നിർണയിക്കുകയും ചെയ്തിരുന്ന സാമാന്യജനങ്ങളിൽനിന്ന് അറിവ് അകലുകയാണ്. ഒപ്പം അവരുടെ അധ്വാനത്തിന്റെ വിയർപ്പും കണ്ണീരിന്റെ ഉപ്പും കിനാവിന്റെ മധുരവുമുള്ള ഭാഷയും സാമാന്യവ്യവഹാരങ്ങളിൽനിന്നു വിട്ടുപോകുന്നു. അതിന്റെ ഉടമസ്ഥാവകാശത്തിന് സൈബർലോകത്തെ അഭിജാതവർഗ്ഗം കൈവശരേഖകൾ സംഘടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന് നവമാധ്യമങ്ങളിൽ വന്നുപോകുന്ന ഭാഷാപരമായ വർത്തമാനങ്ങളിൽ ഈ പരിവർത്തനം കാഴ്ചപ്പെടും. മലയാളം അതിന്റെ നിരവധി ഭാഷാഭേദങ്ങളോടൊപ്പം അടിത്തട്ടിലെ ഉർവ്വരമായ പ്രയോഗക്ഷമതയുമായി നിലനില്ക്കേണ്ടതുണ്ട്. ജനസാമാന്യത്തിന്റെ വ്യവഹാരഭൂമികയിലാണ് ഭാഷയുടെ ജീവൻ കുടികൊള്ളുന്നത്. അവിടെനിന്നാണ് പുതിയവാക്കുകളും പ്രയോഗങ്ങളും താളബോധങ്ങളുമായി ഭാഷ ജീവവായു വലിച്ചെടുക്കുന്നത്. ഭാഷയുടെ ഈ ജീവചൈതന്യത്തെ നവമാധ്യമങ്ങളിലേക്കു പകരേണ്ടതുണ്ട്.
മലയാളം ആവശ്യപ്പെടുന്ന ഈ കടമകൾ നിറവേറ്റുവാൻ എല്ലാ വിഭാഗങ്ങളുമൊത്തുചേർന്ന ജനകീയമായ ഒരു മുന്നേറ്റത്തിനുമാത്രമേ കഴിയൂ. ഭാഷയോടുള്ള വൈകാരികബന്ധം തിരിച്ചുപിടിച്ചുകൊണ്ടു മാത്രമേ മലയാളിയെന്ന സ്വത്വബോധം കൊണ്ട് മാനവികകാഴ്ചപ്പാടുകൾക്കു മുൻതൂക്കമുള്ള മതേതരവും സമത്വബോധമുള്ളതുമായ ഒരു പൊതുസമൂഹത്തെ ഒന്നിപ്പിക്കാൻ കഴിയൂ. ആശയവിനിമയത്തിന്റെ പുതിയ ഇടങ്ങളിൽ മലയാളത്തിന്റെ സാർവ്വത്രികമായ ഉപയോഗവും പ്രയോഗത്തിന്റെ ലളിതമായ വഴക്കവും സാധ്യമാകേണ്ടതുണ്ട്. കമ്പ്യൂട്ടറിൽ അയത്നലളിതമായി മലയാളമുപയോഗിക്കുന്ന ജനസമൂഹമായി നാം മാറേണ്ടതുണ്ട്. അതിലെ സകല വ്യവഹാരങ്ങളുടെയും സ്വാഭാവികമാധ്യമമായി മലയാളം ഉപയോഗിക്കപ്പെടണം. നമ്മുടെ സന്തോഷങ്ങളും പ്രശ്നങ്ങളും സ്വപ്നങ്ങളും പ്രതിഷേധങ്ങളും ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ കൊടുക്കൽവാങ്ങലുകളും മാതൃഭാഷയിലാകണം. ആ ഭാഷ മലനാടിന്റെ അഴകും പുഴകളുടെ ഒഴുക്കും മാംപൂവിന്റെ സുഗന്ധവും നിറഞ്ഞതാകണമെങ്കിൽ ബഹുഭൂരിപക്ഷത്തിന്റെ പങ്കാളിത്തം സൈബർലോകത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്. ശീതീകരിച്ച ഏകാന്തയിൽനിന്നെന്നതിനേക്കാൾ ജനനിബിഡമായ ആ സൈബർതെരുവിൽ നിന്നാകും പുതിയകാലത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങുന്ന സമരസജ്ജമായ മലയാളഭാഷ നവമാധ്യമങ്ങളിൽ രൂപം കൊള്ളുക.
നവീനമായ ആശയപ്രകാശനരീതികൾക്കും സാങ്കേതികവിദ്യകളുടെ അനുനിമിഷവികാസങ്ങൾക്കും അനുസൃതമായ വഴക്കം നല്കി, കൂടുതൽ കാര്യക്ഷമതയോടെ വരുംതലമുറയ്ക്കു ഭാഷയെ കൈമാറുകയെന്ന ഉത്തരവാദിത്വമാണ് നമുക്കുള്ളത്. ഇതിനായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണ് മാംപൂ എന്ന കൂട്ടായ്മ. നവമാധ്യമങ്ങളിൽ മലയാളത്തിന്റെ ഉപയോഗം സജീവമാക്കുന്നതിനും ജനകീയമായ മുന്നേറ്റത്തിലൂടെ ഭാഷയെ പുതുക്കിപ്പണിയുന്നതിനും വേണ്ടി രൂപം കൊണ്ട സംഘടനയാണിത്. പഠനം, പ്രയോഗം, ഗവേഷണം തുടങ്ങി വിവിധ തലങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് മാംപൂ ലക്ഷ്യമാക്കുന്നത്. മലയാളത്തിന്റെ മുതൽക്കൂട്ടിലേക്ക് ഓരോ മലയാളിയും തന്നാലാവുന്നതു ചെയ്യുകയെന്നതാണ് കാഴ്ചപ്പാട്. പുതിയകാലം ആവശ്യപ്പെടുന്ന സമസ്തമേഖലകളിലും അമ്മമലയാളത്തിന്റെ കാവലാളരായി, സാങ്കേതികപരിജ്ഞാനം കൊണ്ടു സായുധരായ ജനശക്തിയെ അണിനിരത്തുകയാണ് മാംപൂവിന്റെ ലക്ഷ്യം.

2013 ജൂലൈ 16, ചൊവ്വാഴ്ച

മാനം കാണാത്ത മയിൽപ്പീലികൾ 2

പണി പകുതിതീർന്ന കളിത്തോണിയേയും 

എന്നെയുമുപേക്ഷിച്ച് 

കടന്നുപോയ കൂട്ടുകാരിയ്ക്ക്


(1985 മുതലുള്ള പത്തുവർഷത്തെ ദിനക്കുറിപ്പുകളിൽനിന്ന് )

ആഴങ്ങളിലേക്കൊഴുകിവീണ നീണ്ടവാലുള്ള 
ഈ പാട്ടിന്റെ പേരായിരുന്നോ നിശബ്ദത?
നീലനിറമുള്ള മറുപടിക്കത്തുകളിൽ
നീ എഴുതിനിറച്ചിരുന്നതും ഇതുതന്നെയല്ലേ?
മഞ്ഞിന്റെ മാന്ത്രികവീണയിൽ തിരുനെല്ലി 
ഒരു പ്രഭാതത്തെ മീട്ടിയുണർത്തുകയാണ്.
ഇപ്പോള്‍ എനിക്കു നിന്നെക്കാണാം;
പക്ഷിപാതാളത്തിന്റെ നിഗൂഢതയിലേക്ക്
മുഖംകുനിച്ചുനില്ക്കുന്ന നിന്റെ മന്ദഹാസം.
കാത്തുനിന്നുതീർന്നുപോകുന്ന ജന്മം പോലെ
അന്തമില്ലാത്തതായിരുന്നു ഇന്നലത്തെ രാത്രി. 
തണുപ്പിന്റെ പുതപ്പിനിടയിലൂടെ ആകാശച്ചരുവിൽ
നീ ഉദിക്കുന്നതും നോക്കി ഞാൻ കിടന്നു. എപ്പൊഴോ,
കാടിന്റെ ശിരോരേഖയെ ചുംബിച്ചുണർന്നത്തിയത്
പാതിവിടർന്ന നിന്റെ കണ്ണുകൾ.
കാരണമറിയാത്ത വേദനയായി പ്രാണനിൽപെരുകിയത്  
നിന്റെ പാദസരങ്ങളുടെ ആകുലതകൾ.
ഇലകളുടെ മർമ്മരം പോലെ കാതരമായത്
നിന്റെ കൺപോളകളുടെ ചലനം.
ഒരുപാടുപേർ ചുറ്റുമുണ്ടായിട്ടും വിജനമായ രാത്രി.
അകലെ, അടിയൊഴുക്കിലേക്കെന്നെ വിളിക്കുന്ന
പാപനാശിനിയുടെ മന്ദ്രമായ മുഴക്കം.
ചലനത്തിന്റെ പെരുമഴ.
ഞാനതിൽ ഇല പൊഴിയുന്ന കാലവും
തളിരിന്റെ പോരാടുന്ന യൗവനവും. 
പ്രകൃതിയുടെ നിരന്തരപരിണാമിയായ ഗതിരേഖ.
അമ്പുകുത്തിമലകളുടെ നെഞ്ചിലെ തിരശ്ശീലനീക്കി 
പച്ചക്കടലിന്റെ മറുകര നോക്കുമ്പോൾ
നീ നീലനിറമുള്ള ദാവണി ചുറ്റി
കനകാംബരങ്ങൾ ചൂടി
പിച്ചകപ്പൂവിന്റെ സുഗന്ധവുമായി 
ഇരുളിന്റെ വളവിനപ്പുറം മറയുന്നു.
കടലിലും കരയിലും കരളിലും നിന്റെ 
ഉദയാസ്തമയങ്ങൾ ഒരുപോലെ!
നിളയുടെ വിലോലമായ നീരൊഴുക്കിൽനിന്ന്
ഒരു കുടന്ന ഞാൻ കോരുമ്പോൾ, അതിൽ
നിന്റെ കൺചെരാതിന്റെ ചിമ്മൽ.
ഉണരുമ്പോൾ കൊടുംകാട്.
ഏകാകിയുടെ  കളരവം മാത്രം.
കാട്ടുപൊന്തയിലെ പേരറിയാത്ത പൂക്കളിലൂടെ 
കാൽവച്ചുവന്ന കാറ്റു പറഞ്ഞു,
നീ എന്റെ അരികിലുണ്ടായിരുന്നുവെന്ന്.
ഇറ്റുവീഴാതെ നിന്ന നീർത്തുള്ളി പറഞ്ഞു,
പോകുമ്പോൾ നീയീ നെറ്റിയിൽ ഉമ്മ വച്ചുവെന്ന്.
അപ്പോൾ അകത്തുനിന്നാരോ പറഞ്ഞു,
ഭയക്കണ്ട, ഞാൻ കൂടെയുണ്ടല്ലോയെന്ന്.

                                     1989  Feb 16, University Hostel

2012 നവംബർ 28, ബുധനാഴ്‌ച

മാനം കാണാത്ത മയിൽപ്പീലികൾ

പണി പകുതിതീർന്ന കളിത്തോണിയേയും
എന്നെയുമുപേക്ഷിച്ച് 
കടന്നുപോയ കൂട്ടുകാരിയ്ക്ക്


(1985 മുതലുള്ള പത്തുവർഷത്തെ ദിനക്കുറിപ്പുകളിൽനിന്ന് )

... എരിയുന്ന കാലത്തിന്റെ കടവിൽ 
പൂത്തുലയുന്ന കനകാംബരങ്ങളിൽ കുതിർന്ന് 
ഞാൻ കാത്തിരിക്കുന്നു. 
പകർത്തുപുസ്തകത്തിന്റെ താളിൽ, നീ തന്ന മയിൽപ്പിലികൾ 
ഇന്നും മാനം  കാണിക്കാതെ സൂക്ഷിച്ചുകൊണ്ട്...
ബോഗൻവില്ലയുടെ ലൈലാക്കുനിറമുള്ള വേനലുകളും 
ഒളിഞ്ഞുനിന്ന് ഓടിയെത്തി കളിവള്ളങ്ങളെ കുതിർത്തുതകർത്ത് ആർത്തുചിരിക്കുന്ന ചാറൽമഴകളും വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കരിമേഘങ്ങൾകൊണ്ട് കാടുപിടിച്ച ഇടവപ്പാതിയുടെ ഓർമ്മകളിൽ കൊതിതീരാത്ത പുത്തനുടുപ്പിന്റെ മണംപോലെ 
നിന്റെ ഓർമ്മകൾ നനഞ്ഞുനില്ക്കുന്നു .....
1987  July 15, Home



...  രാത്രി. 
തിരക്കൊഴിഞ്ഞ മഹാനഗരം പോലെ അസ്വസ്ഥമാണ് 
എന്റെ 206 ആം നമ്പർ മുറി.
ചിതറിക്കിടക്കുന്നത് പിരിഞ്ഞുപോയവരുടെ അനാഥമായ സൗഹൃദം.
ശരീരമില്ലാതലയുന്ന സ്വപ്നങ്ങളുടെ ഗദ്ഗദം.
വലക്കെട്ടിൽ തലകീഴായി വീണുകിടക്കുന്ന ചിലന്തിയുടെ കുറ്റസമ്മതം.
ക്രിസ്തുവിന്റെ ചിത്രത്തിലുറങ്ങുന്ന ശലഭത്തെത്തേടി 
വരിവരിയായെത്തുന്ന ഉറുമ്പുകളുടെ ശബ്ദമില്ലാത്ത കോലാഹലങ്ങൾ.
മുറിയിൽ ഞാനൊറ്റയ്ക്കല്ല.
ഉറക്കം കെടുത്തുന്ന ആൾക്കൂട്ടമാണിവിടെ.
കേരളപാണിനീയത്തിന്റെ ഇരുപതു പുറങ്ങൾ തിന്നിട്ടും
ആത്മഹത്യയ്ക്കായെഴുതിയ കുറിപ്പുവായിച്ചിട്ടും 
ഉറക്കം വരുന്നില്ല.
വിമോചനത്തിന്റെ മുദ്രകളുമായി
ഉറക്കത്തിന്റെ രാജഹംസങ്ങൾ 
എപ്പോഴാവും പറന്നുവരിക?
1988 Feb. 1, University Hostel

... വെളിച്ചത്തിന്റെ താഴ്വരയിലേക്ക് 
മലയിറങ്ങിവരുന്ന ഒരു ശവവണ്ടിയായിരുന്നു, സ്വപ്നത്തിൽ.
വെളുത്ത പൂക്കൾക്കു നടുവിൽ 
തണുത്തുറഞ്ഞ കണ്ണുകളുമായി ഒരു ദേഹം.
നിനക്കോർമ്മയുണ്ടോ ഈ കണ്ണുകൾ?
മഞ്ഞുമറ നീക്കി നാം നടന്നുപോകവേ, രണ്ട് അഗ്നിനക്ഷത്രങ്ങളെന്ന്
നീ വിശേഷിപ്പിച്ച കണ്ണുകൾ.
നിന്റെ മൗനത്തിന്റെ ശൂന്യതയിൽ വെന്തുതീർന്ന എന്റെ കണ്ണുകൾ...
1988 March 12,  University Hostel


വിരിയുന്ന പൂവിന്റെ പ്രാണവേദനയാണ് സുഗന്ധം.
ഉരുകിനിറയുന്ന കണ്ണുനീരാണു തേൻ തുള്ളികൾ. 
തിരിച്ചുകിട്ടുവാൻ കൊതിക്കാതെ പൂവിതൾ വിടർത്തുന്ന 
മന്ദഹാസമാണ് പ്രണയം.
1989 May 13, University Hostel

.. നേരിന്റെ പതാക നെഞ്ചോടു ചേർത്തതിന്
പേവിഷം നിറച്ച സിറിഞ്ചുകൾ പാരിതോഷികം.
ഇരുളിന്റെ നിലവറകളിൽ 
വരിയുടയ്ക്കപ്പെട്ട യുവത്വങ്ങൾ. ...
.. ഇടിവെട്ടേറ്റ പച്ചമരം പോലെ  കാലം കത്തിയെരിയുമ്പോൾ
അയാൾ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതുകയായിരുന്നു.
....പേനകൊണ്ട് ഉമ്മ വച്ചത് 
മരണത്തിന്റെ തണുത്ത നഗ്നതയിൽ.
ഉറക്കത്തിനുവേണ്ടി കാത്തുകിടക്കുമ്പോൾ
ഏതോ നക്ഷത്രത്തിന്റെ നിലവിളി.
നോക്കുമ്പോൾ
നരച്ച ആകാശം.
 വെടിയേറ്റുവീഴുന്ന വിപ്ലവകാരികൾ തിരമാലകൾക്കു മുകളിലൂടെ
കാൽവച്ചു കടന്നുപോകുന്നു.
അർത്ഥത്തിന്റെ അവസാനത്തെ അടിയുടുപ്പുമഴിച്ചുമാറ്റി
വാക്കുകൾ നൃത്തം വയ്ക്കുന്നു.
1991 November 13,  Campus Hostel


തുടരും ...