മഴമരങ്ങള്‍ തോരാതെ പൊഴിയുന്ന,
കാളക്കുട്ടികളെപ്പോലുള്ള മേഘങ്ങള്‍ കെട്ടഴിഞ്ഞോടുന്ന,
ഇതുപോലൊരു ഓണക്കാലം.
പാതി മാത്രമുണങ്ങിയ അരിവറ്റലും അരിഞ്ഞു വച്ച തേങ്ങയും രണ്ടു പായകളിലെങ്കിലും
ആത്മാവുകള്‍ കൊണ്ട് ഒരുമിച്ചു ചേര്‍ന്നതിന്റെ വികാരതീവ്രമായ മിശ്രഗന്ധം മുറിയില്‍ നിറഞ്ഞു നിന്നിരുന്നു..
പുസ്തകത്താളില്‍ മുഖം കുനിച്ചുനിന്ന തൃസന്ധ്യ ദാവണിത്തുമ്പില്‍
സംഭ്രമത്തിന്റെ വിരലുകള്‍ കൊണ്ട് ഏതോ അഴിയാക്കുരുക്ക് തീര്‍ക്കാന്‍ തുടങ്ങി;
നിഗൂഡമായ ഏതോ മന്ത്രം കൊണ്ട് അതിനെ അതിജീവിക്കുവാന്‍ എന്റെ ദുര്‍ബലമായ ഹൃദയവും.
ദൈവമേ, ഈ മഴ ഇപ്പോള്‍ തോരുമോ?
ആ നേരം, കെട്ടഴിഞ്ഞുലഞ്ഞുവീഴാന്‍ തുടങ്ങിയ രാവിന്റെ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഒരു മുല്ലപ്പൂവ് എന്നെ വന്നുകൊണ്ടു.
ചാരിവച്ച വാതില്‍ തള്ളിത്തുറന്ന് മഴനഞ്ഞൊരു കാറ്റ് ഓടിക്കയറാന്‍ തുനിഞ്ഞപ്പോള്‍
വേഗം ചെന്ന് കതകിന്റെ സാക്ഷയിട്ട് ഇടിവെട്ടുന്ന നെഞ്ചോടെ ഞാന്‍ കിതച്ചു.
'എന്തൊരു മഴ!' യെന്നു ഞാന്‍ പറഞ്ഞതും പുസ്തകഷെല്‍ഫിലിരുന്ന് ആനന്ദവര്ദ്ധനന് പൊട്ടിച്ചിരിച്ചു.
എന്ത് പറയാന്‍!
ആ ചിരി മിന്നല്‍പ്പിണരായി വന്ന് മുറിയിലെ വെളിച്ചത്തെ വിഴുങ്ങിക്കളഞ്ഞു.
പിന്നെ ഇരുള് മാത്രമായി.
അതിര്‍വരമ്പുകളില്ലാത്ത ആത്മീയമായ ഇരുള്.
പുളയുന്ന പ്രാണനെ നെഞ്ചിനോടു ചേര്‍ത്തുപിടിക്കുമ്പോള്‍ ഒരു സത്യം ഞാനാലോചിച്ചു.
ആടയാഭരണങ്ങളും അലങ്കാരശാസ്ത്രങ്ങളും വ്യര്‍ത്ഥമാകുന്ന ഈ ഇരുളില്‍ നിന്നാകണം
ആദിയില്‍ വചനമുണ്ടായിട്ടുണ്ടാവുക.
പക്ഷേ, പെട്ടെന്നു പ്രകാശമുണ്ടായി.
പ്രകാശമുണ്ടാകട്ടെ!!
മറുപടിഇല്ലാതാക്കൂ