ലോകമെമ്പാടുമുള്ള
മലയാളി സമൂഹത്തിന്റെ ഏറ്റവും
വലിയ സമ്പത്താണ് നമ്മുടെ
മാതൃഭാഷ.
മനുഷ്യർ
സംസാരിക്കുന്നതായി ഏഴായിരത്തിലേറെ
ഭാഷകൾ ഭൂമിയിൽ അവശേഷിക്കുമ്പോൾ
അതിൽ മുപ്പതുസ്ഥാനത്തിനുള്ളിലാണ്
മലയാളം.
മൂന്നരക്കോടിയിലേറെ
ആളുകൾ സംസാരിക്കുന്ന,
പ്രമുഖ
ലോകഭാഷകളിലൊന്നായ ഈ ഈടുവെപ്പിനെ
ആ അർത്ഥത്തിൽ നാമിനിയും
ഉൾക്കൊണ്ടിട്ടില്ല.
അതിനു
തെളിവാണ് മാതൃഭാഷയുടെ
നിലനില്പിനുവേണ്ടി ഈ മണ്ണിൽ
ഇപ്പോഴും പ്രക്ഷോഭങ്ങൾ
വേണ്ടിവരുന്നത്.
ഭാഷ
എന്നാൽ ഭാഷണമെന്ന അത്യാന്താപേക്ഷിതമായ
മാനുഷിക വ്യവഹാരത്തിനുള്ള
ഉപകരണമാണ്.
ഒരു
ഭാഷ അതിന്റെ ജനിതകക്കാമ്പുകളിൽ
പേറിനടക്കുകയും തലമുറകളിലേക്കു
കൈമാറുകയും ചെയ്യുന്ന
സഞ്ചിതസംസ്കൃതിയാണ് ആ ഭാഷ
സംസാരിക്കുന്ന ജനതയെ ഒരുമയുടെ
പാലൂട്ടി വളർത്തുന്നത്.
ലോകത്ത്
മാനവികമായി രൂപം കൊള്ളുന്ന
ഏക ജൈവികസ്വത്വബോധമെന്ന
നിലയിൽ മാതൃഭാഷ മാറുന്നത്
ഇതുകൊണ്ടാണ്.
ഇതുകൊണ്ടാണ്
മാതൃഭാഷയെ അമ്മ എന്നു സംബോധന
ചെയ്യുന്നതും.
മുലപ്പാലു
കുടിച്ചുവളരുന്നവരുടെ
വികാരമാണ് അമ്മ.
കവിയൂർ
പൊന്നമ്മയെ മലയാളസിനിമയുടെ
അമ്മ എന്നു വിളിക്കുന്നപോലെ
അതൊരു ഭംഗിവാക്കാണെന്നു
മാറിനിന്നുനോക്കുമ്പോൾ
തോന്നിയേക്കാം.
ഭാഷ
അതിന്റെ എല്ലാ പ്രാദേശിക
സവിശേഷതകളെയും നിലനിർത്തിക്കൊണ്ട്
നിലനിന്നേ തീരൂ.
മലയാളം
പറയാനും വായിക്കാനും എഴുതാനും
കഴിയുന്ന തലമുറകളാണ് നൂറ്റാണ്ടുകൾ
രൂപപ്പെടുത്തിയ ഈ സംസ്കാരത്തിന്റെ
വാഹകർ.
അവരെ
കൈയും കലാശവും കാട്ടി
വിളിച്ചുവരുത്തി വകവരുത്തുവാൻ
മുലകളിൽ വിദേശ ഭാഷ അമൃതം എന്നു
ബ്രാൻഡിങ് ചെയ്ത വിഷം
തേച്ചിറങ്ങിയിരിക്കുകയാണ്
പലവിധ മൂലധനശക്തികൾ അഴിച്ചുവിട്ട
പൂതനമാർ.
അവർ
പെരുകുമ്പോൾത്തന്നെ അതിനെതിരെയുള്ള
പ്രതിരോധങ്ങളും കരുത്തുനേടുന്നുവെന്നത്
ശുഭകരം തന്നെ.
ഭാഷ
നേരിടുന്ന മറ്റൊരു വെല്ലുവിളി
സാങ്കേതികലോകത്തെ മാറ്റങ്ങളാണ്.
വിവരസാങ്കേതികവിദ്യയുടെ
ഘടനയ്ക്കനുസരിച്ച് രൂപം
മാറിയ കാലം കമ്പ്യൂട്ടറിനൊതുങ്ങിയ
ഭാഷകൾക്കുമാത്രമാണ് സ്ഥാനം
നല്കുന്നത്.
പുതിയകാലത്തിന്റെ
അറിവുകളും അതിന്റെ വ്യവഹാരങ്ങളും
കൂടുതൽക്കൂടുതൽ ഇന്റർനെറ്റിനുള്ളിലേക്ക്
ഒതുക്കിയെടുത്തുവരുന്ന ഈ
കാലഘട്ടത്തിൽ അതിലുപയോഗിക്കാതെ
വരുന്തോറും ഭാഷയുടെ പ്രമുഖ്യം
കുറയുമെന്നതിനു സംശയമില്ല.
ഇംഗ്ലീഷ്
പരിജ്ഞാനത്തിന്റെ ബലത്തിൽ
ഡോളർ വാരാനൊക്കുന്ന രാജ്യങ്ങൾ
തേടിയലയുന്ന മലയാളി
ഇന്റർനെറ്റിലെത്തുമ്പോൾ
ഏറ്റവുമേറെ മറന്നുപോകുന്നതും
മലയാളം തന്നെ.
അതുമൂലം
മലയാളം ഒരു അത്യാവശ്യഭാഷയായി
പല സേവനദാതാക്കൾക്കും
തോന്നുന്നതുമില്ല.
മലയാളത്തിന്റെ
ശോകജനകമായ ഈ അവസ്ഥയ്ക്ക്
മാറ്റം വന്നത് യൂണിക്കോഡിന്റെ
ആവിർഭാവവും അതിന്റെ സാധ്യതകൾ
പിൻപറ്റിവന്ന വ്യക്തികളുടെയും
സംഘങ്ങളുടെയും മലയാളം
കമ്പ്യൂട്ടിങ്ങ് പ്രവർത്തനങ്ങളുമാണ്.
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് സ്വതന്ത്ര
സോഫ്റ്റ് വെയറുകൾക്കു ലഭിച്ച
പ്രോത്സാഹനവും സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിങ്ങ്
പ്രവർത്തനങ്ങളും ഇവിടെ
ഓർക്കുന്നു.
സാങ്കേതികമായ
നല്ലൊരു മുന്നേറ്റം ഇക്കഴിഞ്ഞ
പത്തുവർഷങ്ങൾക്കുള്ളിൽ
മലയാളത്തിനു ലഭിച്ചിട്ടുണ്ട്.
എന്നാൽ
അവയിൽ നല്ലൊരു പങ്കും
പ്രതിജ്ഞാബദ്ധരായ കുറേ
യുവസാങ്കേതികവിദഗ്ദ്ധരുടെ
ശ്രമഫലങ്ങളാണ്.
അറിവിന്റെ
ജനകീയകരണത്തിനവേണ്ടി
പ്രവർത്തിക്കുന്ന കേരള
ശാസ്ത്രസാഹിത്യ പരിഷത്ത്,
സ്വതന്ത്ര
വിജ്ഞാന ജനാധിപത്യസഖ്യം
എന്നിവപോലുള്ള പ്രസ്ഥാനങ്ങൾ
അവരുടെ അനവധി അജണ്ടകൾക്കിടയിൽ
ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തു
നടത്തിയ ശ്ലാഘനീയമായ ചില
ഇടപെടലുകളും ഓർക്കാവുന്നതാണ്.
എന്നാൽ
ഭാഷാപണ്ഡിതരോ ഭാഷാസ്നേഹികളായ
പൊതുജനങ്ങളോ ഈ രംഗത്തു
നടത്തിയിട്ടുള്ള ഇടപെടലുകൾ
നാമമാത്രമാണ്.
ഭാഷയെയും
അതിന്റെ ജൈവികസമ്പത്തിനെയും
നിരന്തരം നവീകരിച്ചുകൊണ്ട്
വരുംകാലത്തിന്റെ മുഴുവൻ
ആവശ്യങ്ങൾക്കും മറുപടിയാകുന്ന
തരത്തിൽ ഭാഷയെ സജ്ജമാക്കുവാൻ
കഴിയുന്ന ഒരു മുന്നേറ്റം
കാലം ആവശ്യപ്പെടുന്നു.
തൊഴിലാളികളില്ലാത്ത
ഫാക്ടറികൾ പോലെ മൂലധനശക്തികളുടെ
മറ്റൊരു സ്വപ്നമാണ് അച്ചടിക്കാത്ത
അറിവുകൾ.
സാമൂഹികഘടനയിലെ
ഫ്യൂഡൽ ആധിപത്യങ്ങളെ എത്രമാത്രം
തൊഴിലാളിശക്തിക്കു തൂത്തെറിയാൻ
കഴിഞ്ഞോ അത്രമാത്രമാണ്
അച്ചടിവിദ്യയ്ക്ക് അറിവിന്റെ
ജനകീയവ്യാപനത്തിന്റെ ആയുധമാകാൻ
കഴിഞ്ഞത്.
തൊഴിലാളി
ഇല്ലാതാകുന്ന വ്യവസായങ്ങൾ
മാനവികതയുടെ സാന്നിദ്ധ്യമില്ലാത്ത
തൊഴിലിടങ്ങളാകുന്നതു പോലെ
അറിവുകൾ ഇന്റർനെറ്റിലേക്കു
ചുരുക്കപ്പെടുന്ന ഡിജിറ്റൽ
ഡിവൈഡിന്റെ ലോകം ഉള്ളവനും
ഇല്ലാത്തവനും തമ്മിലുള്ള
സമവാക്യത്തെ പുതിയ രീതിയിൽ
എഴുതിപ്പിടിപ്പിക്കുകയാണ്.
അറിവ്
ഇന്റർനെറ്റ് പ്രാപ്തമായവരിലേക്കു
മാത്രമായി ചുരുക്കപ്പെടുന്നു.
അറിവ്
ആദ്യം ലഭിക്കുകയും അതിനെ
ആദ്യം വ്യാഖ്യാനിക്കുകയും
ചെയ്യുന്നവരാണ് പൊതുസമ്മതികൾ
രൂപപ്പെടുത്തുകയും സമൂത്തെ
നയിക്കുകയും ചെയ്യുക.
നവോത്ഥാനാനന്തരകാലത്ത്
പത്രമാസികകളുടെ വ്യാപനത്തിലൂടെ
ഗ്രാമാന്തരങ്ങളിലെ ചായക്കടകളിലും
ആലിൻചുവടുകളിലുമിരുന്ന്
വാർത്തകളറിയുകയും ചർച്ച
ചെയ്യുകയും ലോകത്തെ നിർണയിക്കുകയും
ചെയ്തിരുന്ന സാമാന്യജനങ്ങളിൽനിന്ന്
അറിവ് അകലുകയാണ്.
ഒപ്പം
അവരുടെ അധ്വാനത്തിന്റെ
വിയർപ്പും കണ്ണീരിന്റെ ഉപ്പും
കിനാവിന്റെ മധുരവുമുള്ള
ഭാഷയും സാമാന്യവ്യവഹാരങ്ങളിൽനിന്നു
വിട്ടുപോകുന്നു.
അതിന്റെ
ഉടമസ്ഥാവകാശത്തിന് സൈബർലോകത്തെ
അഭിജാതവർഗ്ഗം കൈവശരേഖകൾ
സംഘടിപ്പിച്ചുതുടങ്ങിയിരിക്കുന്നു.
ഇന്ന്
നവമാധ്യമങ്ങളിൽ വന്നുപോകുന്ന
ഭാഷാപരമായ വർത്തമാനങ്ങളിൽ
ഈ പരിവർത്തനം കാഴ്ചപ്പെടും.
മലയാളം
അതിന്റെ നിരവധി ഭാഷാഭേദങ്ങളോടൊപ്പം
അടിത്തട്ടിലെ ഉർവ്വരമായ
പ്രയോഗക്ഷമതയുമായി
നിലനില്ക്കേണ്ടതുണ്ട്.
ജനസാമാന്യത്തിന്റെ
വ്യവഹാരഭൂമികയിലാണ് ഭാഷയുടെ
ജീവൻ കുടികൊള്ളുന്നത്.
അവിടെനിന്നാണ്
പുതിയവാക്കുകളും പ്രയോഗങ്ങളും
താളബോധങ്ങളുമായി ഭാഷ ജീവവായു
വലിച്ചെടുക്കുന്നത്.
ഭാഷയുടെ
ഈ ജീവചൈതന്യത്തെ നവമാധ്യമങ്ങളിലേക്കു
പകരേണ്ടതുണ്ട്.
മലയാളം
ആവശ്യപ്പെടുന്ന ഈ കടമകൾ
നിറവേറ്റുവാൻ എല്ലാ
വിഭാഗങ്ങളുമൊത്തുചേർന്ന
ജനകീയമായ ഒരു മുന്നേറ്റത്തിനുമാത്രമേ
കഴിയൂ.
ഭാഷയോടുള്ള
വൈകാരികബന്ധം തിരിച്ചുപിടിച്ചുകൊണ്ടു
മാത്രമേ മലയാളിയെന്ന സ്വത്വബോധം
കൊണ്ട് മാനവികകാഴ്ചപ്പാടുകൾക്കു
മുൻതൂക്കമുള്ള മതേതരവും
സമത്വബോധമുള്ളതുമായ ഒരു
പൊതുസമൂഹത്തെ ഒന്നിപ്പിക്കാൻ
കഴിയൂ.
ആശയവിനിമയത്തിന്റെ
പുതിയ ഇടങ്ങളിൽ മലയാളത്തിന്റെ
സാർവ്വത്രികമായ ഉപയോഗവും
പ്രയോഗത്തിന്റെ ലളിതമായ
വഴക്കവും സാധ്യമാകേണ്ടതുണ്ട്.
കമ്പ്യൂട്ടറിൽ
അയത്നലളിതമായി മലയാളമുപയോഗിക്കുന്ന
ജനസമൂഹമായി നാം മാറേണ്ടതുണ്ട്.
അതിലെ
സകല വ്യവഹാരങ്ങളുടെയും
സ്വാഭാവികമാധ്യമമായി മലയാളം
ഉപയോഗിക്കപ്പെടണം.
നമ്മുടെ
സന്തോഷങ്ങളും പ്രശ്നങ്ങളും
സ്വപ്നങ്ങളും പ്രതിഷേധങ്ങളും
ഔദ്യോഗികവും അനൗദ്യോഗികവുമായ
എല്ലാ കൊടുക്കൽവാങ്ങലുകളും
മാതൃഭാഷയിലാകണം.
ആ
ഭാഷ മലനാടിന്റെ അഴകും പുഴകളുടെ
ഒഴുക്കും മാംപൂവിന്റെ സുഗന്ധവും
നിറഞ്ഞതാകണമെങ്കിൽ
ബഹുഭൂരിപക്ഷത്തിന്റെ പങ്കാളിത്തം
സൈബർലോകത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്.
ശീതീകരിച്ച
ഏകാന്തയിൽനിന്നെന്നതിനേക്കാൾ
ജനനിബിഡമായ ആ സൈബർതെരുവിൽ
നിന്നാകും പുതിയകാലത്തിന്റെ
ആവശ്യങ്ങൾക്കു വഴങ്ങുന്ന
സമരസജ്ജമായ മലയാളഭാഷ
നവമാധ്യമങ്ങളിൽ രൂപം കൊള്ളുക.
നവീനമായ
ആശയപ്രകാശനരീതികൾക്കും
സാങ്കേതികവിദ്യകളുടെ
അനുനിമിഷവികാസങ്ങൾക്കും
അനുസൃതമായ വഴക്കം നല്കി,
കൂടുതൽ
കാര്യക്ഷമതയോടെ വരുംതലമുറയ്ക്കു
ഭാഷയെ കൈമാറുകയെന്ന ഉത്തരവാദിത്വമാണ്
നമുക്കുള്ളത്.
ഇതിനായി
സഹകരിച്ചു പ്രവർത്തിക്കാൻ
അവസരമൊരുക്കുകയാണ് മാംപൂ
എന്ന കൂട്ടായ്മ.
നവമാധ്യമങ്ങളിൽ
മലയാളത്തിന്റെ ഉപയോഗം
സജീവമാക്കുന്നതിനും ജനകീയമായ
മുന്നേറ്റത്തിലൂടെ ഭാഷയെ
പുതുക്കിപ്പണിയുന്നതിനും
വേണ്ടി രൂപം കൊണ്ട സംഘടനയാണിത്.
പഠനം,
പ്രയോഗം,
ഗവേഷണം
തുടങ്ങി വിവിധ തലങ്ങളിലുള്ള
ക്രിയാത്മകമായ ഇടപെടലുകളാണ്
മാംപൂ ലക്ഷ്യമാക്കുന്നത്.
മലയാളത്തിന്റെ
മുതൽക്കൂട്ടിലേക്ക് ഓരോ
മലയാളിയും തന്നാലാവുന്നതു
ചെയ്യുകയെന്നതാണ് കാഴ്ചപ്പാട്.
പുതിയകാലം
ആവശ്യപ്പെടുന്ന സമസ്തമേഖലകളിലും
അമ്മമലയാളത്തിന്റെ കാവലാളരായി,
സാങ്കേതികപരിജ്ഞാനം
കൊണ്ടു സായുധരായ
ജനശക്തിയെ അണിനിരത്തുകയാണ്
മാംപൂവിന്റെ ലക്ഷ്യം.
