ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2012 നവംബർ 28, ബുധനാഴ്‌ച

മാനം കാണാത്ത മയിൽപ്പീലികൾ

പണി പകുതിതീർന്ന കളിത്തോണിയേയും
എന്നെയുമുപേക്ഷിച്ച് 
കടന്നുപോയ കൂട്ടുകാരിയ്ക്ക്


(1985 മുതലുള്ള പത്തുവർഷത്തെ ദിനക്കുറിപ്പുകളിൽനിന്ന് )

... എരിയുന്ന കാലത്തിന്റെ കടവിൽ 
പൂത്തുലയുന്ന കനകാംബരങ്ങളിൽ കുതിർന്ന് 
ഞാൻ കാത്തിരിക്കുന്നു. 
പകർത്തുപുസ്തകത്തിന്റെ താളിൽ, നീ തന്ന മയിൽപ്പിലികൾ 
ഇന്നും മാനം  കാണിക്കാതെ സൂക്ഷിച്ചുകൊണ്ട്...
ബോഗൻവില്ലയുടെ ലൈലാക്കുനിറമുള്ള വേനലുകളും 
ഒളിഞ്ഞുനിന്ന് ഓടിയെത്തി കളിവള്ളങ്ങളെ കുതിർത്തുതകർത്ത് ആർത്തുചിരിക്കുന്ന ചാറൽമഴകളും വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കരിമേഘങ്ങൾകൊണ്ട് കാടുപിടിച്ച ഇടവപ്പാതിയുടെ ഓർമ്മകളിൽ കൊതിതീരാത്ത പുത്തനുടുപ്പിന്റെ മണംപോലെ 
നിന്റെ ഓർമ്മകൾ നനഞ്ഞുനില്ക്കുന്നു .....
1987  July 15, Home



...  രാത്രി. 
തിരക്കൊഴിഞ്ഞ മഹാനഗരം പോലെ അസ്വസ്ഥമാണ് 
എന്റെ 206 ആം നമ്പർ മുറി.
ചിതറിക്കിടക്കുന്നത് പിരിഞ്ഞുപോയവരുടെ അനാഥമായ സൗഹൃദം.
ശരീരമില്ലാതലയുന്ന സ്വപ്നങ്ങളുടെ ഗദ്ഗദം.
വലക്കെട്ടിൽ തലകീഴായി വീണുകിടക്കുന്ന ചിലന്തിയുടെ കുറ്റസമ്മതം.
ക്രിസ്തുവിന്റെ ചിത്രത്തിലുറങ്ങുന്ന ശലഭത്തെത്തേടി 
വരിവരിയായെത്തുന്ന ഉറുമ്പുകളുടെ ശബ്ദമില്ലാത്ത കോലാഹലങ്ങൾ.
മുറിയിൽ ഞാനൊറ്റയ്ക്കല്ല.
ഉറക്കം കെടുത്തുന്ന ആൾക്കൂട്ടമാണിവിടെ.
കേരളപാണിനീയത്തിന്റെ ഇരുപതു പുറങ്ങൾ തിന്നിട്ടും
ആത്മഹത്യയ്ക്കായെഴുതിയ കുറിപ്പുവായിച്ചിട്ടും 
ഉറക്കം വരുന്നില്ല.
വിമോചനത്തിന്റെ മുദ്രകളുമായി
ഉറക്കത്തിന്റെ രാജഹംസങ്ങൾ 
എപ്പോഴാവും പറന്നുവരിക?
1988 Feb. 1, University Hostel

... വെളിച്ചത്തിന്റെ താഴ്വരയിലേക്ക് 
മലയിറങ്ങിവരുന്ന ഒരു ശവവണ്ടിയായിരുന്നു, സ്വപ്നത്തിൽ.
വെളുത്ത പൂക്കൾക്കു നടുവിൽ 
തണുത്തുറഞ്ഞ കണ്ണുകളുമായി ഒരു ദേഹം.
നിനക്കോർമ്മയുണ്ടോ ഈ കണ്ണുകൾ?
മഞ്ഞുമറ നീക്കി നാം നടന്നുപോകവേ, രണ്ട് അഗ്നിനക്ഷത്രങ്ങളെന്ന്
നീ വിശേഷിപ്പിച്ച കണ്ണുകൾ.
നിന്റെ മൗനത്തിന്റെ ശൂന്യതയിൽ വെന്തുതീർന്ന എന്റെ കണ്ണുകൾ...
1988 March 12,  University Hostel


വിരിയുന്ന പൂവിന്റെ പ്രാണവേദനയാണ് സുഗന്ധം.
ഉരുകിനിറയുന്ന കണ്ണുനീരാണു തേൻ തുള്ളികൾ. 
തിരിച്ചുകിട്ടുവാൻ കൊതിക്കാതെ പൂവിതൾ വിടർത്തുന്ന 
മന്ദഹാസമാണ് പ്രണയം.
1989 May 13, University Hostel

.. നേരിന്റെ പതാക നെഞ്ചോടു ചേർത്തതിന്
പേവിഷം നിറച്ച സിറിഞ്ചുകൾ പാരിതോഷികം.
ഇരുളിന്റെ നിലവറകളിൽ 
വരിയുടയ്ക്കപ്പെട്ട യുവത്വങ്ങൾ. ...
.. ഇടിവെട്ടേറ്റ പച്ചമരം പോലെ  കാലം കത്തിയെരിയുമ്പോൾ
അയാൾ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതുകയായിരുന്നു.
....പേനകൊണ്ട് ഉമ്മ വച്ചത് 
മരണത്തിന്റെ തണുത്ത നഗ്നതയിൽ.
ഉറക്കത്തിനുവേണ്ടി കാത്തുകിടക്കുമ്പോൾ
ഏതോ നക്ഷത്രത്തിന്റെ നിലവിളി.
നോക്കുമ്പോൾ
നരച്ച ആകാശം.
 വെടിയേറ്റുവീഴുന്ന വിപ്ലവകാരികൾ തിരമാലകൾക്കു മുകളിലൂടെ
കാൽവച്ചു കടന്നുപോകുന്നു.
അർത്ഥത്തിന്റെ അവസാനത്തെ അടിയുടുപ്പുമഴിച്ചുമാറ്റി
വാക്കുകൾ നൃത്തം വയ്ക്കുന്നു.
1991 November 13,  Campus Hostel


തുടരും ...


2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

അന്ത്യാഭിവാദനം


പുഞ്ചിരിയില്‍ തീക്കടല്‍ കടഞ്ഞെടുത്ത തെളിനീരിന്റെ രുചി. 
സ്വരം ധ്യാനത്തില്‍ നിന്നുണര്‍ന്ന കുലപര്‍വതം മന്ത്രിക്കും പോലെ.
ചലിക്കുന്ന നേരം സൂക്ഷിച്ചു നോക്കിയാല്‍ കൊടുങ്കാറ്റിന്റെ ചങ്ങലകള്‍ അനങ്ങുന്നതുകാണാം . 
കുറുകുന്ന പ്രാവാകാനും അലറുന്ന സിംഹമാകാനും ഞൊടിയിട പോലും വേണ്ടാത്ത ദുര്‍മന്ത്രവാദി. 
പാപിയുടെ പേശികളും വിശുദ്ധന്റെ കണ്ണുകളുമായി അവന്‍ ഇറങ്ങി വന്നു.
മൂന്നുകോടി ജനത അവനു വേണ്ടി നിലവിളിച്ചു.
എണ്ണമറ്റ വികാരങ്ങളുടെ മായക്കടലിലേക്ക് ആയിരങ്ങളെ മയക്കിക്കൊണ്ടു വന്നു വിക്ഷോഭങ്ങളുടെ ആ പ്രവാചകന്‍ .
അച്ഛന്റെ വാത്സല്യം. വിടന്റെ കൊലച്ചിരി. ഗുരുവിന്റെ തലോടല്‍ . വിപ്ലവകാരിയുടെ വീറ്. തകര്‍ന്നു പോയവന്റെ ശൂന്യത.
വെളിച്ചത്തില്‍ കുഴച്ചു ഇരുളിന്റെ പാനപാത്രത്തില്‍ അവന്‍ പകര്‍ന്നു തന്ന കറുപ്പിന്റെ ലഹരി 
മരണത്തിനു പോലും പറിച്ചു മാറ്റാനാകില്ല.
വേദനക്കൊരു അളവുപാത്രം ഉണ്ടായിരുന്നെങ്കില്‍ 
പിഴുതെടുത്തു കൊണ്ടു പോകുന്ന ഈ വേളയിലെങ്കിലും അവന്റെ വേര്‍പാടിന്റെ ആഴം നാം അറിയുമായിരുന്നു. 
ആ ഇടം അവശേഷിപ്പിച്ച തമോഗര്‍ത്തത്തിന്റെ വ്യാസം .
അഭ്രപാളി ചുംബിക്കാനാവാതെ വന്ന ആയിരമായിരം ജീവിതാവസ്ഥകള്‍ അതിനു ചുറ്റും അലമുറയിട്ടു കരഞ്ഞു കൊണ്ടേയിരിക്കുന്നു..
മഹാനായ മായാജാലക്കാരാ, മടങ്ങിവരൂ....

2012 ജൂലൈ 28, ശനിയാഴ്‌ച

മഷിത്തണ്ട്


കരിയില മൂടിയ തൊടിയിൽ
ഒരുപാട് കാലത്തിനു ശേഷം ഒരു മഷിത്തണ്ടിനെ ഞാൻ കണ്ടു.
പൊടുന്നനെ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ നനച്ചു.
സ്നേഹിച്ചു തീരാതെ പോയവർ മഷിതണ്ടുകളായി പൊട്ടിമുളയ്ക്കുമെന്ന്  നീ പറയുമായിരുന്നു.
പാവം. അവയുടെ നീരുപിഴിഞ്ഞാണ്‌ കുട്ടിക്കാലത്ത് ഞാൻ സ്ലേറ്റു വൃത്തിയാക്കിയിരുന്നത്.
പ്രണയത്തിന്റെ ചോര പിഴിഞ്ഞ് മറവിക്കു കുടിക്കാൻ കൊടുക്കുന്ന  കാലത്തിനെപ്പോലെ
പിശാചു ബാധിച്ച കുട്ടിയുടെ മനസ്സായിരുന്നു എനിക്കും.
മൂന്നാം ക്ളാസ്സിൽ
മഷിക്കുപ്പിയിൽ ഇറക്കിവച്ച ഏതോ വെറ്റപ്പച്ചയ്യിൽ നീല നിറം പടർന്നുകയറിയപ്പോൾ
ശാസ്ത്രം വെളിപ്പെടുന്നത് കണ്ടു ഞാൻ അഭിമാനിച്ചു.
അപ്പോൾ നിന്റെ കണ്ണുനനഞ്ഞത്‌
നേരത്തെ പുസ്തകത്താളിൽനിന്നു മാനത്തേക്ക് എത്തിനോക്കിയ
മയിൽപ്പീലിയെക്കുറിച്ചോർത്താകണമെന്ന് ഞാൻ കരുതി.
വീട്ടിലേക്കുള്ള വഴിയുടെ ഒത്ത മധ്യത്തുവച്ചു
കൊമ്പും തുമ്പിക്കയ്യുമായി ഒരു പെരുമഴ ഓടിയടുത്തപ്പോൾ
നിമിഷനേരം. ഒരു ചേമ്പില കൊണ്ട് ഞാൻ , ഇതാ കുടയെന്നു വിളിച്ചുപറഞ്ഞതും
നീ ഓടിവന്ന് നനവുള്ള മന്ദഹാസമായി എന്റെ തോളിൽ ചാഞ്ഞു.
നീ ഒന്നും  അറിഞ്ഞില്ല. മഴ ഒരു പുഴയായി നമ്മിലൂടെ ഒഴുകി. 
ആ ഇല ഒരു അന്ധവിശ്വാസമായിരുന്നു. 
നിനക്ക് എന്നിലുള്ള വിശ്വാസം. എന്റെ ശ്വാസതടസ്സം. 
നീ കൂടെയുള്ളപ്പോള്‍  ഞാനൊരു മന്ത്രവാദിയായിരുന്നു. 
മരതകമാണിക്യം തിരഞ്ഞു കല്ലുവെട്ടാംകുഴികളിലേക്ക്  പറന്നിറങ്ങും. 
വെള്ളത്തിനു മുകളിലൂടെ നടന്നുപോയി ആമ്പൽപ്പൂവുകളിറുക്കും. 
കാറ്റിന്‍റെ തോണിയില്‍ ഒഴുകിപ്പോകുന്ന അപ്പൂപ്പന്താടികൾക്കൊപ്പം വയലിനു കുറുകെ നീന്തും. 
എപ്പോഴും, അഴിച്ചെടുത്ത ഉടുപ്പും പുസ്തകസഞ്ചിയും  ഒപ്പം ചങ്കും നിന്നെ എല്ചിച്യിച്ചായിരുന്നു  
എന്റെ അതീന്ദ്രിയ അഭ്യാസങ്ങൾ . 
ഓരോ തവണ തിരികെയെത്തുംപോഴും  നീ അതെല്ലാം സുരക്ഷിതമായി എനിക്ക് തിരികെ നല്‍കി. 
ഞാനോ?
നിർവികാരമായ രാസലായനികൾ പ്രാണനിലൂടെ പടർന്നുകയറിയപ്പോൾ   
നീ ഏല്‍പ്പിച്ച ജീവനെ ഞാൻ എന്തുചെയ്തു? 
വരാൻ പോകുന്ന ഇടവപ്പാതിക്കുവേണ്ടി 
നമ്മൾ ഉറങ്ങാതിരുന്നു കടലാസുവഞ്ചികൾ ഉണ്ടാക്കിയ ഒരു എപ്രിൽ മാസരാത്രി.
ഭൂമിയിൽ നിലാവുള്ള അവസാനത്തെ രാത്രി. 
എന്റെ മടിയിൽ തല ചായ്ച്ചുറങ്ങിയ വിശ്വാസത്തിനു ഞാൻ പകരം തന്നതെന്താണ് ? 
ആറു നിലകളുടെ  ഉച്ചാംകൊമ്പിൽ നീ സുരക്ഷിതയായിരിക്കുമെന്നെ എന്റെ അജ്ഞത. 
ഒരു ശാസ്ത്ര വിദ്യാർഥിയുടെ  അന്ധവിശ്വാസം.
ദൈവവുംശാസ്ത്രവും കൂട്ടിനില്ലാത്ത വെറും മനുഷ്യന്റെ നിരാലംബത. 
എത്രയും  അരക്ഷിതമായ പ്രണയം..
നെഞ്ച് പിഴിഞ്ഞ് മായ്ച്ചിട്ടും
നെഞ്ച് ഉരുക്കിയെരിച്ചിട്ടും മായുന്നില്ലല്ലോ 
സിരകളിൽ നീലനിറം കയറിയ ആ മഷിത്തണ്ട്. 

2012 ജൂലൈ 13, വെള്ളിയാഴ്‌ച

രതിഗീത

ഇരുതിരികളൊന്നായി പിണച്ചുവച്ച നെയ്യ് വിളക്കിലെന്നപോലെ
രതിയുടെ നിർമ്മലമായ അഗ്നിജ്വാല.
പ്രകൃതിയെ നിരന്തരം പുനർനിർമ്മിക്കുന്ന പ്രണയമെന്ന നിത്യസത്യമായ പണിപ്പുര.
പേരറിയാത്ത നൂറായിരം രാസസാനിധ്യങ്ങളിൽ നിന്ന് ഉദ്ദീപനം നേടി,
പരസ്പരം വാരിപ്പുണർന്നു സുഖം പകർന്ന്,
ലോകം മറന്ന്, നേരം കടന്ന് ,


അനന്തമായ കാലപ്രവാഹത്തിന്റെ കൈവഴിയായിയൊഴുകുന്ന ആനന്ദനടനം.
ഇതാണ് നിത്യസത്യം.
ഞാനെന്ന സത്യം.
ഞാനാണ് ബ്രഹ്മമെന്ന സത്യം. അത് നീയാണെന്ന സത്യം.
നീയും ഞാനുമൊന്നാകുന്ന മഹാസത്യം.
ഈ രസതന്ത്രമാണ് ദൈവം.
ഇത് മാത്രം.