ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2011 മേയ് 6, വെള്ളിയാഴ്‌ച

സിനിമ

സിനിമ ഒരു മതമാണ്‌.
മായക്കാഴ്ചകളാല്‍ മാമോദീസ മുക്കുന്ന
കാനല്‍ജലം കൊണ്ട് ഉപനയനം ചെയ്യുന്ന
ആവിഷ്കാരത്തിന്റെ പരലോകം വാഗ്ദാനം ചെയ്യുന്ന മതം. 
ദരിദ്രന്റെ ഒഴിഞ്ഞ സ്വപ്നങ്ങളെയും സമ്പന്നന്റെ വിശപ്പുള്ള മോഹങ്ങളെയും 
നിഗൂഡമായ ഏതോ ആല്‍ക്കലി കൊണ്ട് ഉത്സവമാക്കി മാറ്റുന്നു സിനിമ. 
കോടാനുകോടി തറട്ടിക്കറ്റുകാരുടെ മിച്ചമൂല്യം കൊണ്ട് ഒരു അവതാരപുരുഷന്‍ 
ഈശ്വരനായി മാറുന്നതുപോലെ ലളിതമാണ് അതിന്റെ തത്വചിന്ത. പക്ഷേ, 
ഒരാളുടെ ആത്മരതിയില്‍ ഒരുകോടി പേര്‍ പുളകം കൊള്ളുന്ന അതിന്റെ 
ജനാധിപത്യം അതീന്ദ്രിയം.