ആത്മകഥനങ്ങൾക്ക് ഒരാമുഖം

ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളി വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.

2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

അപരാധി

വിളവെടുപ്പിന്റെയും കണക്കെഴുത്തിന്റെയും നാളുകളാണ് മലയാളിയുടെ ഓണം.


നട്ടുവളര്‍ത്തിയ സ്വപ്നങ്ങളുടെ കണക്ക്.
കെട്ടുപോയ പ്രതീക്ഷകളുടെയും ഞെട്ടറ്റുവീണ വിജയങ്ങളുടെയും കണക്ക്.
ഒടുവില്‍ , കൈപ്പുനീരിന്റെ പ്രളയത്തിനു കൈയെത്താതെപോയ ഒരുകൂട്ടം ധാന്യമണികള്‍ കൊണ്ട്
ഒരാണ്ടിന്റെ വിളവെടുപ്പ്.
അതില്‍ നിന്നാണ് കുറുകുന്ന വാത്സല്യത്തിന് ഒരു പിടി. ഇടറുന്ന പ്രണയത്തിനു മറ്റൊരു പിടി.
വിതുമ്പുന്ന സ്നേഹത്തിനും പിന്തുടരുന്ന പ്രതിബദ്ധതകള്‍ക്കും പകുത്തു കഴിയുമ്പോള്‍
ശിക്ഷിക്കുവാന്‍ കാത്തു നില്‍ക്കുകയാണ് എല്ലാവരും.
വിത്തെടുത്തു വയ്ക്കാത്തത്തിന് , വിരുന്നിനു വിളിക്കാത്തതിന്.