പതിനായിരങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്ന അതിമാനുഷനായ സായി ബാബ കാലത്തിന്‍റെ കരുണയറ്റ കൈകളില്‍ കിടന്നു പിടഞ്ഞു മരിച്ചു. എത്രയോ ദിവസങ്ങള്‍ ലോകമെമ്പാടുമുള്ള സായി ഭക്തരും അദ്ദേഹം കെട്ടിയുയര്‍ത്തിയ ബിസിനസ് സാമ്പ്രാജ്യവും കേണു വിളിച്ചിട്ടും ആധുനിക വൈദ്യ ശാസ്ത്രം അവസാനത്തെ ആയുധമെടുത്തു പൊരുതിയിട്ടും ദൈവമായ കാലപ്രവാഹം ക്രൂരത മാത്രം തിരിച്ചു നല്‍കി. ഒരുപാട് പേരെ അവരുടെ വിഭ്രമങ്ങളില്‍നിന്നു ശാന്തിയിലേക്കും മരവിപ്പില്‍ നിന്ന് വിസ്മയതിലേക്കുമുയര്‍ത്തിയ മനുഷ്യദൈവം പോലും അന്ത്യദിനങ്ങളില്‍ അല്‍പ്പമൊരു ആനുകൂല്യത്തിനുവേണ്ടി അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ വിളിച്ച്ചിട്ടുണ്ടാകും. കാരണം അദ്ദേഹത്തിനു ഇനിയും നിയോഗം അവസാനിച്ചിട്ടില്ല. വാക്ക് നിറവേറ്റാനായിട്ടില്ല . സ്വന്തം പ്രവചനമനുസരിച്ച് ഇനിയും എട്ടു വര്‍ഷങ്ങള്‍ ബാബ ജീവിചിരിക്കെണ്ടതായുണ്ട്.സ്വന്തം നെഞ്ചിനു ചേരുന്ന ഒരു പെയസ്മേക്കര്‍ സ്വന്തം മുടിക്കൂട്ടില്‍ നിന്നെടുക്കുവാന്‍ ബാബയ്ക്ക് കഴിയുമായിരുന്നു. പക്ഷെ കൈ ഒന്നുയര്‍ത്തുവാന്‍ സമ്മതിച്ചില്ലല്ലോ കാലന്‍ . ആശുപത്രിക്കട്ടിലില്‍ ആഴ്ചകളോളം ശവാസനത്തില്‍ക്കിടന്നു, ചെയ്തുതീര്‍ത്ത കര്‍മ്മങ്ങളോടൊക്കെ കണക്കു പറഞ്ഞു, ഒടുവില്‍ ബാബയും പോയി. എ.ടി. കോവൂരും പ്രേമാനന്തും പോയ അതേ വഴിയിലൂടെ. ബാബ, അങ്ങ് ജീവിച്ചിരുന്നപ്പോള്‍ വിയോജിപ്പുണ്ടായിരുന്ന ഒരാളാണ് ഞാന്‍ . പക്ഷെ, ആത്മീയത കൊണ്ട് അടച്ചുവയ്ക്കുവാന്‍ കഴിയാത്തതാണ് ജീവിതമെന്ന ദ്വാരമെന്നു മരണം കൊണ്ട് തെളിയിച്ച അങ്ങേയ്ക്ക് എന്റെ ആദരാഞ്ജലികള്‍ . വേദനയോടെ അന്ത്യ യാത്ര മൊഴി.
സിനിമാക്കൊട്ടക
ആത്മകഥനങ്ങൾക്ക് ഒരാമുഖം
ഒരൊറ്റ മനുഷ്യജീവി പോലുമില്ലാത്ത തീവണ്ടിയാപ്പീസ്. കരിങ്കൽച്ചുമരിനോട് ചേർത്തിട്ട സിമന്റുബെഞ്ചിൽ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന വിജനതയിൽനിന്നു രക്ഷപെടാനാണ് ക്രോസ്സിങ്ങിനു പിടിച്ചിട്ട ഏതോ എക്സ് പ്രസിൽ കള്ളവണ്ടി കയറിയത്. പകലിൽ നിന്ന് ഇരുളിലേക്ക് ഓടി രക്ഷപെടുന്ന ഒരു തീവണ്ടി. അതിന്റെ ഇരുപത്തിനാലു കമ്പാർട്ടുമെന്റുകളിലും ഏകാന്തത കൂർക്കം വലിച്ചുറങ്ങുന്നു. ഇരുളിൽ വിദൂരതയിൽനിന്നു കുറുനരികൾ ഓരിയിട്ടപ്പോൾ നിഴലുകൾ പേടിച്ചു സീറ്റുകൾക്കിടയിലൊളിച്ചു. അപ്പോൾ തീവണ്ടി ഒരു പാലത്തിലേക്ക് കയറുകയായിരുന്നു.. നദിയുടെ കുറുകെ ആകാശത്തിലൂടെ ഒരു പാലം . പെട്ടെന്ന് ഊരിപ്പിടിച്ച വാളുകളുമായി നിലാവിന്റെ കൂലിപ്പട കമ്പാർട്ട്മെന്റുകളിലേക്ക് ഇരച്ചുകയറി. പോർവിളികളുമായി അവരതിലൂടെ പാഞ്ഞുനടന്നു....
മുമ്പിൽ തുറന്നുവച്ച നോട്ടുബുക്കിൽ ഒരു പ്രണയകവിതയുടെ ആദ്യവരികൾ. മുകളിൽ അപായച്ചങ്ങല! വിമോചനത്തിന്റെ നക്ഷത്രം! അതിലേക്കെത്ര ദൂരം? ആലോചിച്ചുനില്കെ
നിലാവിന്റെ ഒരു ഭയാനക സത്വം എനിക്കു നേരെ ഓടിവരുന്നുണ്ട്.
ഞാൻ സംശയാലുവായി. മരണമാണു മുന്നിൽ. കവിത മുഴുമിപ്പിച്ചു അനശ്വരനാകണോ? അതോ അപായച്ചങ്ങല പിടിച്ച് ജീവിതത്തിലേക്ക് എടുത്തു ചാടാനോ?
പ്രിയമുള്ളവരേ, ജീവിതത്തിനും മരണത്തിനുമിടയിൽ എനിക്കു തോന്നിയ ആ സന്ദേഹങ്ങളും സംശയങ്ങളും തത്വചിന്തകളും തമാശകളുമാണ് ഈ ചന്നംപിന്നം കുറിപ്പുകൾ. വായിച്ചുനോക്കുക. തിരിച്ചും കുറിക്കുക.